new

Tuesday, November 1, 2011

കൈരളിയുടെ അവതാരപുരുഷന്‍..!!!!



നവംബര്‍ ഒന്ന്...
ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ ജന്മദിവസം..
ഇന്നത്തെ കാലത്തെ ഒരു ട്രെന്‍ഡ് വെച്ച്, കേരളത്തിലെ യുവാക്കള്‍ മുണ്ട് ഉടുക്കാനും, യുവതികള്‍ സെറ്റ് സാരി ഉടുക്കാനും തിരഞ്ഞെടുക്കുന്ന ദിവസം.പക്ഷേ എന്നെ സംബന്ധിച്ച് കേരളപ്പിറവി ദിവസം എന്നതിനേക്കാള്‍ നവംബര്‍ ഒന്നിന്‌ ഒരു പ്രത്യേകത കൂടി ഉണ്ട്.അതിന്‌ കാരണം ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ നവംബര്‍ ഒന്ന് ആയിരുന്നു.
ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ച ദിവസമായിരുന്നു ആ നവംബര്‍ ഒന്ന്.
എന്നെ വെല്ലുവിളിച്ച ഒരു സമൂഹത്തിനു മുമ്പില്‍ ഞാന്‍ ആണാണെന്ന് തെളിയിച്ച ദിവസം...
എനിക്ക് എതിരെ തല ഉയര്‍ത്തി നിന്നവരെ ഞാന്‍ വിരട്ടി ഓടിച്ച ദിവസം..
അതേ, അത് എന്‍റെ ദിവസമായിരുന്നു!!

പ്രീഡിഗ്രികാലത്ത് കോളേജില്‍ എന്ത് പരിപാടിക്കും ഞാന്‍ മുമ്പില്‍ കാണും.അത്കൊണ്ട് തന്നെയാണ്‌ കേരളപ്പിറവിയുടെ ആഘോഷത്തിന്‌ ഒരു പുതുമയുള്ള പരിപാടി അവതരിപ്പിക്കാനുള്ള ചുമതല എനിക്ക് വന്നത്.അതോട് കൂടി എന്‍റെ മുമ്പില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ന്നു...
എന്ത് പരിപാടി അവതരിപ്പിക്കും??
എന്ത് തന്നെയായാലും അതിന്‌ ഒരു പുതുമ വേണം!!
എന്നെ കൊണ്ട് പുതുമയുള്ളത് ഒന്നും പറ്റില്ലന്നും, ഞാനൊരു കഴിവില്ലാത്തവനാണെന്നും ഉള്ള വിമര്‍ശകരുടെ പ്രഖ്യാപനങ്ങളെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍, അച്ഛന്‍ ഉപദേശിച്ചു:
"വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കുക, വെല്ലുവിളികളെ നേരിടുക.അങ്ങനെ നീ ഒരു ആണാണെന്ന് തെളിയിക്കുക."
അച്ഛന്‍റെ ഉപദേശത്തെ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ച എനിക്ക് ദൈവം ഒരു വഴി കാണിച്ച് തന്നു.കോളേജിലെ ഒരു പൈതലിനും തോന്നാത്ത ഒരു അപൂര്‍വ്വ പരിപാടി നടത്താനുള്ള മഹത്തായ വഴി.
അങ്ങനെ ഞാന്‍ സ്ക്രിപ്പ്‌റ്റ് തയ്യാറാക്കി, എന്നിട്ട് അത് വായിക്കാന്‍ മനേഷിന്‍റെ കൈയ്യില്‍ കൊടുത്തു.അന്ന് തന്നെ അത് വായിച്ചിട്ട് അവന്‍ പറഞ്ഞു,
"മതി മനു, ഇത് മതി.ഇത് ഹിറ്റ് ആകും, ഒരു വമ്പന്‍ ഹിറ്റ്."
ദൈവമേ, ഈ ഐഡിയക്ക് നന്ദി!!

അങ്ങനെ ഞാനും മനേഷും കൂടി അടുത്ത സുഹൃത്തുക്കളുടെ ഇടയില്‍ ആ ഐഡിയ അവതരിപ്പിച്ചു, അത് ഇപ്രകാരം ആയിരുന്നു..
ഒരു തെരുവ് നാടകം..
കോളേജ് ക്യാമ്പസിലെ സ്റ്റേജില്‍ അല്ല, സ്റ്റേജിന്‌ മുമ്പില്‍ നിന്ന് വേണം അവതരിപ്പിക്കാന്‍.കേരളത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളും നിമിഷനേരം കൊണ്ട് കാണിക്കുന്നു.അങ്ങനെ ക്രിമിനലുകളെ കൊണ്ട് സഹികെട്ട് ജനതയെ നോക്കി, സ്റ്റേജിലേക്ക് കൈ ചൂണ്ടി ഒരു ഭ്രാന്തന്‍ പറയുന്നു,
'ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍'
പണ്ട് പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടായെന്നതാണല്ലോ ഐതിഹം.അത് കൊണ്ട് ഭ്രാന്തന്‍റെ ഈ വാചകം കഴിയുമ്പോള്‍ പരശുരാമന്‍ മഴുവുമായി സ്റ്റേജില്‍ പ്രത്യക്ഷപ്പെടണം.എന്നിട്ട് ക്രിമിനലുകളെ നോക്കി പറയും,
'നിങ്ങള്‍ ശാന്തരാകുവിന്‍, ഇല്ലെങ്കില്‍ ഞാന്‍ ഈ മഴു തിരിച്ച് എറിയും'
അത് സിംപോളിക്ക്!!!
അതായത് മഴു തിരിച്ചെറിഞ്ഞാല്‍ കേരളം പിന്നെയും കടലാകും എന്നത് വ്യംഗ്യാര്‍ത്ഥം.
പരശുരാമന്‍റെ ഈ ഭീഷണിക്ക് മുമ്പില്‍ ക്രിമിനല്‍സ്സ് ശാന്തന്‍സ്സ് ആകുന്നു, അവിടെ നാടകം തീരുന്നു.
കേരളപ്പിറവിക്ക് കോളേജിനെ മൊത്തം പിടിച്ച് കുലുക്കാന്‍ പറ്റുന്ന ഒരു സൂപ്പര്‍ സ്ക്രിപ്പ്‌റ്റ്.
ഹോ, വാട്ട് ആന്‍ ഐഡിയ!!!

പരശുരാമനായി ഞാന്‍ അഭിനയിക്കുമെന്നും, കലിയുഗം ആയതിനാല്‍ പരശുരാമന്‌ താടിയും കുടുമയും വേണ്ടന്നും പകരം ഒരു മുണ്ടും ഉടുത്ത്, കൈയ്യില്‍ ഒരു മഴുവും പിടിച്ച്, എക്സ്ട്രാ ആയി ഒരു പൂണൂലും ഇട്ടാല്‍ മതിയെന്നും ഞാന്‍ ആദ്യമേ പ്രഖ്യാപിച്ചു.
കേരളത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ കാലോചിതം ആകണമെന്നും, നാടകത്തിന്‍റെ സ്റ്റോറിയെ കുറിച്ചുള്ള സസ്പെന്‍സ്സ് പുറത്ത് വിടരുതെന്നും എല്ലാരെയും ഓര്‍മ്മിപ്പിച്ചു,
അതിനു ശേഷമായിരുന്നു നാടകം ഞാന്‍ സംവിധാനം ചെയ്ത് തുടങ്ങിയത്.
അങ്ങനെ ദിവസങ്ങള്‍ ഓടി മറഞ്ഞു.

നാടകത്തിന്‌ ഒരാഴച മുമ്പുള്ള ഒരു ദിവസം.
ഇനി ക്ലൈമാക്സ്സ് ആണ്‌ സംവിധാനം ചെയ്യേണ്ടത്, അപ്പോഴാണ്‌ ഒരു പ്രശ്നം..
പരശുരാമന്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ ഹൈലൈറ്റ്, പക്ഷേ എങ്ങനെ പ്രത്യക്ഷപ്പെടും???
നാടകം വിജയിക്കുന്നതും പൊളിയുന്നതും ആ ഒരു സീനിനെ ആശ്രയിച്ചിരിക്കും.അതുകൊണ്ട് തന്നെ പരശുരാമന്‍റെ പ്രത്യക്ഷപ്പെടല്‍ ഒരു കൂലംകക്ഷമായ ചര്‍ച്ചയ്ക്ക് വഴി ഒരുക്കി.പല പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു...
'പരശുരാമന്‍ ഓടി വന്നാലോ?'
--അത് വേണ്ടാ.
'പരശുരാമന്‍ ചാടി വന്നാലോ?'
--ചേ, മോശം.
'പരശുരാമന്‍ ബൈക്കില്‍ വന്നാലോ?'
--പിന്നെ, അവതരപുരുഷന്‍ ബൈക്കിലല്ലിയോ വരുന്നത്?
ചര്‍ച്ച ഇങ്ങനെ നീണ്ടു...
അവസാനം ഞാന്‍ തന്നെ ഒടുവില്‍ അതിന്‌ ഒരു പോവഴി കണ്ടെത്തി.
എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു കിടിലന്‍ പോംവഴി!!!

ഞങ്ങളുടെ ക്ലാസ്സില്‍ ഒരു സുന്ദരി ഉണ്ടായിരുന്നു, മായാദേവി!!!
കാരിരുമ്പിന്‍റെ കരുത്തും കസ്തൂരി മഞ്ഞളിന്‍റെ കാന്തിയും ഉള്ള ഒരുപാട് ചേട്ടന്‍മാരുടെ ആരാധനാപാത്രമായ അവള്‍ എന്നോട് ചോദിച്ചു:
"മനു, എന്താ നിങ്ങളുടെ നാടകം"
അവളോട് നാടകത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്താല്‍ കോളേജ് മൊത്തം പാട്ടാകും എന്ന് അറിയാമെങ്കിലും, ആ ചോദ്യത്തെ അവഗണിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അത്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു:
"കേരളത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ഒരു മറയില്ലാത്ത സമീപനം"
അത്രമാത്രം!!!
കൂടുതല്‍ ഒന്നും പറഞ്ഞില്ല.കാരണം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്ന ക്ലൈമാക്സ്സ് പറഞ്ഞാല്‍ അത് കോളേജ് മൊത്തം പാട്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.
ക്ലൈമാക്സ്സിലെ സസ്പെന്‍സ്സ് പൊളിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

നാടകത്തിന്‍റെ തലേ ദിവസം രാത്രി...
വീട്ടില്‍ എല്ലാവരെയും നാടകം കാണാന്‍ കോളേജിലേക്ക് ക്ഷണിച്ചു.ആര്‍ക്കും സമയമില്ലത്രേ.അമ്മയ്ക്കും അനിയത്തിക്കും സ്ക്കൂളില്‍ പോകണം പോലും.ഞാന്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ നാടകത്തിന്‍റെ ഹൈലൈറ്റ് എന്ന് പറഞ്ഞിട്ട് പോലും അമ്മയും അനിയത്തിയും വരാന്‍ തയ്യാറില്ല.
കഷ്ടം!!!
ഒടുവില്‍ എന്‍റെ വിഷമം കണ്ട് അച്ഛന്‍ വരാമെന്ന് സമ്മതിച്ചു.
എനിക്ക് സന്തോഷമായി!!!
അങ്ങനെ വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം വാങ്ങി, നാടകത്തിനുള്ള ഒരുക്കങ്ങള്‍ക്കായി, ആ രാത്രി തന്നെ ഞാനും കൂട്ടുകാരും കോളേജിലേക്ക് യാത്രയായി.

സ്റ്റേജിന്‌ മുമ്പിലാണ്‌ നാടകം അവതരിപ്പിക്കുന്നത്, അവതാരപുരുഷന്‍ പ്രത്യക്ഷപ്പെടേണ്ടത് സ്റ്റേജിലും.ഇവിടെയാണ്‌ എന്‍റെ ബുദ്ധി വര്‍ക്ക് ചെയ്തത്....
സ്റ്റേജിന്‌ മുകളിലെ തട്ടില്‍ ഓരാള്‍ക്ക് സുഖമായി ഒളിച്ചിരിക്കാം, മാതമല്ല ആവശ്യം ഉള്ളപ്പോള്‍ ഒരു കപ്പിയും കയറും ഉപയോഗിച്ച് സുഖമായി സ്റ്റേജിന്‌ മുമ്പിലേക്ക് ചാടുകയും ചെയ്യാം.
പരീക്ഷണാര്‍ത്ഥം ഞാന്‍ കപ്പിയില്‍ കയര്‍ കുരുക്കി ചാടി നോക്കി.ആദ്യ മൂന്ന് പ്രാവശ്യം കയര്‍ പൊട്ടി സ്റ്റേജില്‍ വീണെങ്കിലും പിന്നെ പിന്നെ ഞാന്‍ എക്സ്പെര്‍ട്ട് ആയി.
പരീക്ഷണം വന്‍ വിജയം!!!
അവതാരപുരുഷന്‍ വരുന്നു എന്ന് പറയുന്ന നിമിഷം ഞാന്‍ സ്റ്റേജിന്‍റെ നടുക്ക് പ്രത്യക്ഷപ്പെടുന്ന അനുഭൂതി.
മൊത്തത്തില്‍ ഒരു തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ട്!!!

അങ്ങനെ നാടകദിവസം ആയി..
അതിരാവിലെ കുളിയും തേവാരവും കഴിഞ്ഞ്, പരശുരാമന്‍റെ വേഷവും കെട്ടി ഒരു മഴുവുമായി ഞാന്‍ സ്റ്റേജിന്‍റെ മുകളിലത്തെ തട്ടില്‍ ഒളിച്ചിരുന്നു.
കോളേജ് തുറന്നു...
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വന്ന് തുടങ്ങി,
വന്നവര്‍ വന്നവര്‍ നാടകം കാണാന്‍ മൈതാനത്തുള്ള ആ സ്റ്റേജിനു മുമ്പില്‍ തടിച്ച് കൂടീ.
അങ്ങനെ നാടകം തുടങ്ങേണ്ട സമയമായി...
മനേഷ് മൈക്കെടുത്ത് അനൌണ്‍സ്മെന്‍റ്‌ തുടങ്ങി:
"ഈ കേരളപ്പിറവി ദിനത്തില്‍ ഞങ്ങള്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന നാടകത്തിന്‍റെ പേരാണ്...."
നാടകത്തിന്‍റെ പേര്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്ത് നില്‍ക്കുന്ന ആ സമൂഹത്തിനു മുമ്പില്‍ അവന്‍ പേരു അനൌണ്‍സ്സ് ചെയ്തു:
"..കൈരളിയുടെ അവതാരപുരുഷന്‍!!"
ഠിം!!!
നാടകം തുടങ്ങി.

കൊല, സ്ത്രീ പീഡനം, പുരുഷപീഡനം, കൊള്ള...
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മനോഹരദൃശ്യങ്ങള്‍ അവിടെ അരങ്ങേറി.
ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുമ്പിലെത്തി ഭ്രാന്തന്‍റെ വേഷത്തിലുള്ള മനേഷ് പറഞ്ഞു:
"ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍"
ഇത്രയും പറഞ്ഞിട്ട് അവന്‍ സ്റ്റേജിനു നേരെ കൈ ചൂണ്ടി...
ഇതാണ്‌ പരശുരാമന്‍ പ്രത്യക്ഷപ്പെടേണ്ട സമയം.
സകലദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കയര്‍ പൊട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മഴുവുമായി സ്റ്റേജിലേക്ക് എടുത്ത് ചാടി.
ഭാഗ്യം!!!
കയര്‍ പൊട്ടിയില്ല!!!
ഞാന്‍ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തു.

മഴു എറിയാനുള്ള ഡയലോഗ് പറയാന്‍ നിവര്‍ന്ന് നിന്നപ്പോഴാണ്‌ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.ഞാന്‍ മാത്രമേ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തുള്ളു, ഞാന്‍ ഉടുത്തിരുന്ന മുണ്ടും, പരശുരാമന്‍റെ ഒറിജിനാലിറ്റിക്ക് വേണ്ടി ധരിച്ചിരുന്ന കോണകവും സ്റ്റേജിനു മുകളിലുള്ള തട്ടിലെ ആണിയില്‍ തൂങ്ങി കിടക്കുന്നു.
അയ്യോ!!!!
പരശുരാമന്‍റെ സ്ഥാനത്ത് ബൈബിളിലെ ആദം!!!
ആദത്തിന്‍റെ കൈയ്യില്‍ എന്തിനാവോ മഴു???
എല്ലാവര്‍ക്കും അമ്പരപ്പ്!!!
ഞാന്‍ അവതരിപ്പിച്ച രൂപം എന്തെന്ന് ആദ്യം മായാദേവിക്ക് മനസ്സിലായില്ല, പിന്നീട് അത് 'എന്ത്' എന്ന് മനസ്സിലായപ്പോള്‍ സന്തോഷം കൊണ്ടാവാം ഒന്ന് ഉറക്കെ അലറി വിളിച്ചു, എന്നിട്ട് അടുത്ത നിമിഷം ബോധം കെട്ട് വീണു!!!
പുവര്‍ ഗേള്‍!!!
മറയില്ലാത്ത സമീപനം ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല!!!
ഫുള്‍സൈസ്സ് ബോഡിയില്‍, മഴുവും പിടിച്ച് നില്‍ക്കേണ്ടി വന്ന ഷോക്കില്‍ ഓടാന്‍ പോലും കഴിയാതിരുന്ന ഞാന്‍ പ്രേക്ഷകര്‍ക്കിടയില്‍ അച്ഛനെ കണ്ട് അലറി വിളിച്ചു:
"അച്ഛാ"
ആറ്‌ മാസം പ്രായത്തില്‍, തന്‍റെ ഒക്കത്ത് കിടന്ന രൂപത്തില്‍, ആറടിയുള്ള മകന്‍റെ നില്‍പ്പ് കണ്ട് അമ്പരന്ന് നിന്ന പിതാശ്രീ, എന്‍റെ അലര്‍ച്ച കേട്ട് ഓടി വന്നു.
ആരുടെയോ മുണ്ട് വലിച്ചൂരി എനിക്ക് ഉടുക്കാന്‍ തന്നിട്ട് പുള്ളിക്കാരന്‍ ചോദിച്ചു:
"ഇതാണോടാ നിന്‍റെ ഹൈലൈറ്റ്?"
അച്ഛാ, ഞാന്‍ ഒരു ആണാണെന്ന് തെളിയിച്ചു!!!

അപമാനഭാരത്തില്‍ തലയും കുമ്പിട്ട് കാറില്‍ കയറിയ എന്നോട് മനേഷ് വന്ന് പറഞ്ഞു:
"അളിയാ, മായാദേവിക്ക് ഇത് വരെ ബോധം വീണില്ല"
പാവം കുട്ടി!!
എന്തോ കണ്ട് പേടിച്ചതാ!!!
അച്ഛനോടൊപ്പം അങ്ങോട്ട് വന്ന പ്രിന്‍സിപ്പാള്‍, വെപ്രാളത്തിനിടയില്‍ ഞാന്‍ വലിച്ചെറിഞ്ഞ മഴു എടുത്ത് എന്‍റെ നേരെ നീട്ടി, എന്നിട്ട് ചോദിച്ചു:
"കോളേജില്‍ മാരകായുധങ്ങള്‍ കൊണ്ട് വരാന്‍ പാടില്ല എന്ന് അറിയില്ലേ?"
അത് വാങ്ങി കാറിലോട്ട് വച്ചിട്ട് ഞാന്‍ പറഞ്ഞു:
"പരശുരാമന്‍റെ മഴുവാ..."
സാക്ഷാല്‍ ഭഗവാന്‍ പരശുരാമന്‍റെ മഴു ഞാന്‍ എവിടെ പോയി എടുത്ത് കൊണ്ട് വന്നു എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന അദ്ദേഹത്തിന്‌ ഞാന്‍ വിശദീകരിച്ച് കൊടുത്തു:
"...എറിയുന്നത് കാണിക്കാന്‍ കൊണ്ട് വന്നതാ"
അത് കേട്ടതും പുള്ളിക്കാരന്‍ പറഞ്ഞു:
"താന്‍ കാണിച്ചത് തന്നെ അധികമാ, പെട്ടന്ന് വീട്ടില്‍ പോകാന്‍ നോക്ക്"
അയ്യേ!!!
സാറ്‌ പിന്നെയും തെറ്റിദ്ധരിച്ചു.

എന്‍റെ ഷോക്ക് മാറ്റാന്‍ ഒരു സിനിമയ്ക്ക് കൊണ്ട് പോയിട്ട് വൈകിട്ടാണ്‌ അച്ചന്‍ എന്നെ വീട്ടിലെത്തിച്ചത്.
ഞങ്ങളുടെ വരവും കാത്തിരുന്ന അമ്മയും പെങ്ങളും ഓടി വന്ന് ചോദിച്ചു:
"നാടകം എങ്ങനെ ഉണ്ടായിരുന്നു?"
എന്ത് പറയണം എന്നറിയാതെ ഞെട്ടി നിന്ന എന്നെ ആശ്വസിപ്പിക്കാന്‍ അച്ഛനാണ്‌ മറുപടി പറഞ്ഞത്:
"ഗംഭീരം"
"അപ്പം ഇവന്‍റെ ഹൈലൈറ്റോ?"
"അത്, അതിലും ഗംഭീരം"
അച്ഛന്‍റെ ഈ മറുപടി കൂടി കേട്ടതോടെ അഭിമാനത്തോടെ അമ്മ പറഞ്ഞു:
"അല്ലേലും അവനൊരു ആണ്‍കുട്ടിയാ.."
അത് എല്ലാവര്‍ക്കും മനസ്സിലായി!!!