സുകുമാര്‍ അഴീക്കോട്- ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം !!!
ആദ്യമൊക്കെ കെ.ടി. സുകുമാരന്‍ എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നീട് സുകുമാര്‍ അഴീക്കോട് എന്നാക്കി. ചില ചെറു ലേഖനങ്ങള്‍ അമ്പതുകളില്‍ സുകുമാരന്‍ പൂതംപാറ എന്ന പേരിലുമെഴുതി. അഴീക്കോട് വിട്ട് മൂത്തകുന്നത്ത് എത്തിയപ്പോള്‍ കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട്ട് വീട്‌വാങ്ങി, ആ പേരിനോടുള്ള മമത നിലനിര്‍ത്തി.
ജുബ്ബ :
അഴീക്കോടിന്റെ ജുബ്ബ അമ്പതു കൊല്ലത്തോളം തയ്ച്ചത് അഴീക്കോട്ടെ ദാമോദരന്‍ ടെയ്‌ലര്‍ ആയിരുന്നു. ദാമോദരന്‍ പിന്നീട് ജുബ്ബ സ്‌പെഷലിസ്റ്റ് ആയി. അധികം വൈകാതെ അദ്ദേഹം ജുബ്ബാ ദാമോദരന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. നീളമുണ്ടെങ്കിലും ഇത്ര മെലിഞ്ഞ ജുബ്ബ ദാമോദരന്‍ തയ്ച്ചിട്ടുണ്ടാവില്ലെന്ന് അഴീക്കോട് മാഷ്. ഖാദി വളരെ ചെറുപ്പത്തില്‍ത്തന്നെ ധരിച്ചുതുടങ്ങി. മാര്‍പാപ്പയെ കാണാന്‍ ചെന്നപ്പോള്‍ ഹോട്ടലില്‍ ഖാദി ജുബ്ബ കഴുകാന്‍ കൊടുത്തു. പകരം കിട്ടിയത് നീലം നിറഞ്ഞ നീല ഖാദിയാണ്. അവിവാഹിതന് ഏതു വസ്ത്രവും നന്നായി സൂക്ഷിക്കാനാവില്ല എന്നൊരു ദര്‍ശനവും അഴീക്കോടിനുണ്ട്.
അപസര്‍പ്പക വായന:
തന്റെ കോപം, പ്രതികാരം, തിരിച്ചടി എന്നിവയുടെയൊക്കെ അപഥസഞ്ചാരമാണ് അഴീക്കോടിന്റെ ഡിറ്റക്ടീവ് നോവല്‍ വായന. പണ്ടൊക്കെ എപ്പോഴും മൂന്നും നാലും പുസ്തകങ്ങള്‍ വരെ പെട്ടിയില്‍ കാണും. പുകവലിക്കും മദ്യപാനത്തിനും ചീട്ടുകളിക്കും പകരമാണ് ത്രില്ലര്‍ വായനയെന്ന് അദ്ദേഹം പറയുമായിരുന്നു. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, എഡ്ഗാര്‍ വാലസ്, അഗതാ ക്രിസ്റ്റി എന്നിവരാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാളത്തില്‍ അപ്പന്‍തമ്പുരാന്റെ ഭാസ്‌കരമേനോനുശേഷം നല്ല രചനയില്ല. പരീക്ഷ പാസാകാത്തവര്‍ക്കും കൊള്ളരുതാത്തവര്‍ക്കുമായി ഈ മേഖല വിട്ടുകൊടുത്തിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാള്‍ എഴുത്തുകാരന്‍ ദുര്‍ഗാപ്രസാദ് ഖത്രിയുടെ 'വെളുത്തചെകുത്താനും' 'ചുവന്നകൈപ്പത്തി'ക്കും വൈചിത്ര്യമുണ്ട്. ഡ്രാക്കുള സ്‌തോഭജനകമായ രചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍:
അഴീക്കോട് ഏറ്റവും കൂടുതല്‍ ആധ്യാത്മിക പ്രഭാഷണം നടത്തിയിട്ടുള്ളത് ഗുരുവായൂരിലാണ്. രാമായണം, ഭാഗവതം, ഭഗവദ്ഗീത, ജ്ഞാനപ്പാന, നാരായണീയം എന്നിവയെക്കുറിച്ചാണ് ഈ പ്രഭാഷണങ്ങളിലധികവും. പക്ഷേ അമ്പലത്തില്‍ കയറി പ്രാര്‍ഥിച്ചില്ല. ദൈവത്തെ സ്‌നേഹമായാണ് താന്‍ കാണുന്നതെന്നാണ് അദ്ദേഹം ഇതേപ്പറ്റി പറഞ്ഞത്. ക്ഷേത്രനിര്‍മാണത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുണ്ടായിരുന്നു. അനേകം അടരുകളും അര്‍ഥതലങ്ങളുമുള്ള വാക്കാണ് ക്ഷേത്രമെന്നും എഴുതിയിട്ടുണ്ട്.
ഗ്രാന്റ് വിറ്റാറ :
അഴീക്കോട് ഏറ്റവും കൂടുതല്‍ യാത്രചെയ്തിട്ടുള്ളത് ഗ്രാന്റ് വിറ്റാറയിലാണ്. ആദ്യം വാങ്ങിയ കാര്‍ മാരുതിയായിരുന്നു. ഡ്രൈവറാകാന്‍ കഴിയില്ലെന്ന പരിഹാസം മുഖവിലയ്‌ക്കെടുത്ത അദ്ദേഹം നാല്പത്താറാം വയസ്സില്‍ രണ്ടാഴ്ചകൊണ്ട് ഡ്രൈവിങ് പഠിച്ചു. ആദ്യ കാര്‍ മാരുതി 800 ആയിരുന്നു. പിന്നീട് സീലോ കാര്‍ വാങ്ങി. ഇപ്പോഴത്തെ ഗ്രാന്റ് വിറ്റാറ ഓടിച്ചിട്ടില്ല. സെക്രട്ടറികൂടിയായ സുരേഷാണ് കാറോടിച്ചിരുന്നത്്.
ആദ്യപ്രസംഗം:
അഴീക്കോട് ആത്മവിദ്യാസംഘത്തില്‍ 1946ലായിരുന്നു ആദ്യപ്രസംഗം. ഓംകാരത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചായിരുന്നു. 1949ല്‍ ഗുരുവായൂരില്‍ വെച്ച് ആദ്യത്തെ ആധ്യാത്മിക പ്രഭാഷണം. ഉപനിഷത്തും നവീന മനോവിജ്ഞാനീയവും എന്നതായിരുന്നു പ്രഭാഷണ വിഷയം. എന്നാല്‍ പ്രഭാഷകനെന്ന നിലയ്ക്ക് അഴീക്കോടിന്റെ പേരുമാത്രം അച്ചടിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രഭാഷണം 1965 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ആശാന്‍ കവിതയെക്കുറിച്ചായിരുന്നു. ആശാന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്.
ആദ്യ പ്രബന്ധം:
തൈത്തിരിയോപനിഷത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ആദ്യത്തെ ആധ്യാത്മിക പ്രബന്ധം 1948ല്‍ രചിച്ചു. തത്ത്വമസിയെക്കുറിച്ചുള്ള ആദ്യത്തെ ആലോചന ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. ആദ്യലേഖനം പ്രസിദ്ധപ്പെടുത്തിയത് 1944 ജനവരി 9ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അതിനുമുമ്പയച്ച ഒരു ലേഖനം മാതൃഭൂമി തിരസ്‌കരിക്കുകയും ചെയ്തിരുന്നു.
ആദ്യ പുസ്തകം :
ആശാന്റെ സീതാകാവ്യമാണ് ആദ്യത്തെ പുസ്തകം. ആ പുസ്തകം പുറത്തുവന്നിട്ട് ഇപ്പോള്‍ 55 വര്‍ഷമായി. പി.കെ. ബ്രദേഴ്‌സ് ആയിരുന്നു പ്രസാധകര്‍. ആ പുസ്തകത്തിന് ഒരൊറ്റ അവാര്‍ഡ്‌പോലും ലഭിച്ചില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി അഴീക്കോടും ഏറ്റവും നല്ല രചനയായി വായനക്കാരും സ്വീകരിച്ച കൃതി ഇതാണ്. അഴീക്കോടിന് ഏറ്റവും അധികം അവാര്‍ഡ് ലഭിച്ച കൃതി തത്ത്വമസിയാണ് -24 പുരസ്‌കാരങ്ങള്‍ ലഭിച്ചു.
പാചകം :
പാചകം ഒട്ടും അറിയില്ല. പാചകക്കാരന്‍ പോയാല്‍, ക്ഷുഭിതനാകും. പലപ്പോഴും പാചകക്കാര്‍ ഓടിപ്പോയിട്ടുണ്ട്. ഓടിപ്പോയ ഒരു പാചകക്കാരന്‍ 'അഴീക്കോട് മാഷായി' കോഴിക്കോട്ട് പ്രസംഗിക്കുന്നതും കണ്ടിട്ടുണ്ട്. മത്സ്യം ഇഷ്ടമാണ്. ഗാന്ധിജിയുടെ ശുദ്ധി തനിക്കില്ലാതെ പോയത് മത്സ്യം കഴിക്കുന്നതുകൊണ്ടാണെന്നും മാഷ് ഏറ്റുപറഞ്ഞിട്ടുണ്ട്. മത്സ്യം കഴിക്കുന്നതു നിര്‍ത്തിയാല്‍ എക്‌സിമ പോകുമെന്നു ചിലര്‍ ഉപദേശിച്ചു. എക്‌സിമ സഹിച്ചാലും മത്സ്യം ഉപേക്ഷിക്കില്ലെന്ന് മാഷ് തുറന്നടിച്ചു.
ജ്യോതിഷം:
അഴീക്കോട് അല്പം ജ്യോതിഷവും വശത്താക്കിയിട്ടുണ്ട്. മേടത്തിലെ കാര്‍ത്തിക ഉച്ചസ്ഥായിയായതുകൊണ്ട് താനും ചൂടനായാണ് ജീവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിക നക്ഷത്രത്തിനും പ്രത്യേകതയുണ്ട്. ചിലപ്പോഴതു തെളിഞ്ഞു കത്തും. മറ്റുചിലപ്പോള്‍ മുനിഞ്ഞും കത്തും.
സിനിമ:
ആദ്യംകണ്ട സിനിമ 'നല്ല തങ്കാള്‍'. ഏറ്റവും കൂടുതല്‍ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. അറ്റന്‍ബറോയുടെ 'ഗാന്ധിയും' അടൂരിന്റെ 'കൊടിയേറ്റവും' നല്ല സിനിമകളായതുകൊണ്ട് കണ്ടു. ഒടുവില്‍ കണ്ട രണ്ടുസിനിമകള്‍ 'പ്രാഞ്ചിയേട്ട'നും 'പ്രണയ'വുമാണ്.
ഭയം :
ഏറ്റവും ഭയപ്പെടുത്തുന്നതു വിമാനയാത്ര. കൊളംബോയിലും ഗള്‍ഫിലും യു.എസ്.എ.യിലും പോയിട്ടുണ്ടെങ്കിലും വിമാന യാത്ര ഭയന്ന് പല വിദേശ പരിപാടികളും ഉപേക്ഷിച്ചു. രോഗം വന്നപ്പോള്‍ മുംബൈയില്‍ വിദഗ്ധ ചികിത്സ ഏര്‍പ്പാട് ചെയ്തു. വിമാനഭയം കൊണ്ട് പോയില്ല.
അധ്യാപനം :
ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണിത്. പ്രസംഗത്തിന്റെ അംശം കൂടി അതിലുണ്ട്. ദീനബന്ധുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും മധുരമായ ഓര്‍മയാണ്. അധ്യാപന കാലത്താണ് ശബ്ദത്തിനും വിരലുകള്‍ക്കും പ്രാധാന്യമുണ്ടെന്നു ബോധ്യമായത്. വാസ്തവത്തില്‍ വിരലുകളിലൂടെയും പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖങ്ങളിലൂടെയുമാണ് പുതിയ ആശയങ്ങള്‍ ലഭിക്കുന്നത്.
സംഗീതം:
പങ്കജ്മല്ലിക്ക്, കെ.എല്‍. സൈഗാള്‍ എന്നിവരാണ് ഇഷ്ടഗായകര്‍. ബഷീറിന്റെ ഗ്രാമഫോണ്‍ പ്ലേയറും റെക്കോഡുകളും വാങ്ങാന്‍ തീരുമാനിച്ചതായിരുന്നു. അതുപഴയതാണെന്ന് മിത്രരൂപത്തില്‍വന്ന ശത്രു പറഞ്ഞു. അതു വാങ്ങാതിരുന്നത് വന്‍നഷ്ടമായെന്ന് മാഷ് പിന്നീട് പറഞ്ഞു. സൈഗാളിന്റെ 'സോജാ രാജകുമാരി' യാണ് ഏറ്റവും പ്രിയപ്പെട്ട ഗാനം. കര്‍ണാടക സംഗീതം ഇഷ്ടമാണെങ്കിലും മൃദംഗവാദനമാണ് പ്രിയംകരം. മണി അയ്യരുടെ വാദനത്തോട് പ്രത്യേക ഇഷ്ടം.
സര്‍ഗ്ഗധനന്‍ സുകുമാര്‍ അഴീക്കോടിന്.. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍!!!!