new

Tuesday, November 16, 2010

Narendraprasad - A Remembrance

മൗനത്തിന്‍റെ മഴയിലേയ്ക്ക് പോയ നരേന്ദ്രപ്രസാദ്  

 


അവസാനം മഴ പെയ്തു. സോമയാജിപ്പാടിന്‍റെ യാഗം ധന്യമായി. എങ്കിലും മകന്‍റെ തോല്‍വിയും പ്രതിഷേധവും മനസുരുക്കിയ അദ്ദേഹം അഗ്നിയില്‍ ലയിച്ചു. 

ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സോമയാജിപ്പാട്. മലയാളിയുടെയുള്ളില്‍ നീറുന്നൊരോര്‍മ്മയായി ആ കഥാപാത്രം നിന്നെരിയുന്നു. നരേന്ദ്രപ്രസാദ് എന്ന നടനെ മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചത് ആ ചിത്രത്തിലൂടെയാണ്. 

വല്ലാത്ത ഉള്‍ക്കരുത്തുള്ള കഥാപാത്രമായിരുന്നു തലസ്ഥാനത്തിലെ ജി. പരമേശ്വരന്‍ എന്ന ജിപി. കുടില തന്ത്രങ്ങള്‍ മെനയുന്ന രാഷ്ട്രീയ ചാണക്യനായി നരേന്ദ്രപ്രസാദ് തിളങ്ങിയ ആ ചിത്രം നൂറു ദിനവും കടന്നോടി. 

നന്ദകിശോര ഹരേ മാധവാ
നീയാണെന്നഭയം.....

കീര്‍ത്തനത്തിന്‍റെ മാസ്മരിക അന്തരീക്ഷത്തില്‍, ചന്ദനത്തിരിയും കര്‍പ്പൂര പുകയും നിറയുമ്പോള്‍, ഭക്തിയുടെ ലയത്തോടൊപ്പം ചലിക്കുന്ന സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം നരേന്ദ്ര പ്രസാദിന്‍റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ഏകലവ്യന്‍ എന്ന ഷാജി കൈലാസ് ചിത്രം സൂപ്പര്‍ ഹിറ്റായതില്‍ പ്രസാദിന്‍റെ പങ്ക് വസ്മരിക്കുക വയ്യ. 

കളിയാട്ടം, സുവര്‍ണ്ണ സിംഹാസനം, സുകൃതം, രണ്ടാം ഭാവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ അനിവാര്യതയായി മാറുകയായിരുന്നു പ്രസാദ്. 

മരണത്തിന്‍റെ മഴയിലേക്ക് പ്രസാദ് പെട്ടെന്നിറങ്ങിപ്പോയപ്പോള്‍ വരാനിരുന്ന എത്ര കഥാപാത്രങ്ങളെയാണ് മലയാളിക്ക് നഷ്ടമായത്. നാടകകൃത്ത്‌‌, നടന്‍, അധ്യാപകന്‍, സാഹിത്യ നിരൂപകന്‍, സാമൂഹ്യവിമര്‍ശകന്‍ എന്നിങ്ങനെ നരേന്ദ്രപ്രസാദ്‌ കൈവച്ച്‌ വിസ്‌മയം ഉണര്‍ത്തിയ മേഖലകള്‍ നീണ്ടു പോകുന്നു.

പ്രതിഭാധനനായ ആ കലാപകാരിയുടെ ഓര്‍മ്മകള്‍ക്ക്‌ നവംബര്‍ മൂന്നിന്‌ ഏഴു വര്‍ഷം തികഞ്ഞു. കരള്‍ രോഗത്തെ തുടര്‍ന്ന്‌ അമ്പത്തിയെട്ടാം വയസില്‍ 2003 നവംബര്‍ മൂന്നിനായിരുന്നു നരേന്ദ്രപ്രസാദ്‌ വിടപറഞ്ഞത്‌. 

നാടകവേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്ദ്രപ്രസാദ്‌ ഏറെ ആദരിക്കപ്പെടുന്ന അധ്യാപകനായിരുന്നു. ബിഷ്‌പ്‌ മൂര്‍ കോളജ്‌, പന്തളം എന്‍ എസ്‌ എസ്‌ കോളെജ്‌ എന്നിവടിങ്ങളിലെ അധ്യാപകനായിരുന്നു. എം ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ സ്ഥാപിക്കുന്നതോടെ അവിടേക്ക്‌ മാറി. ലെറ്റേഴ്‌സിന്‍റെ രൂപീകരണത്തില്‍ നരേന്ദ്ര പ്രസാദിന്‌ നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു. 

നാട്യഗൃഹം എന്ന നാടക സംഘത്തിന്‍റെ രൂപീകരണത്തോടെയാണ്‌ നരേന്ദ്രപ്രസാദിലെ നാടകപ്രതിഭയെ കേരളം അറിയുന്നത്‌. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും നിരവധി പുരസ്‌കാരങ്ങള്‍ നേടി. തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലിവിഷനുകളിലൂടെ നരേന്ദ്രപ്രസാദ്‌ ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ നരേന്ദ്രപ്രസാദായിരുന്നു.

ഷാജികൈലാസിന്‍റെ ‘തലസ്ഥാന’ത്തിലെ സ്വാമി വേഷത്തിലാണ്‌ നരേന്ദ്രപ്രസാദ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. അതിന്‌ മുമ്പ്‌ ഭരതന്‍റെ വൈശാലി, പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍‌’ എന്നീ സിനിമകള്‍ക്ക് അദ്ദേഹം ശബ്ദം നല്‌കിയിരുന്നു. 

കച്ചവട സിനിമയുടേയും സമാന്തര സിനിമയുടേയും അഭിവാജ്യ ഘടകമായി നരേന്ദ്രപ്രസാദ്‌ പിന്നീട്‌ മാറി. പൈതൃകം, അക്ഷരം, അസുരവംശം, പ്രവാചകന്‍, ഉസ്താദ്, വാഴുന്നോര്‍, ആറാം തമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, നരസിംഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 

‘ജാതി പറഞ്ഞാല്‍ എന്താണ്‌’ എന്ന നരേന്ദ്ര പ്രസാദിന്‍റെ പുസ്‌തകം അക്കാലത്ത്‌ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴി തുറന്നിരുന്നു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസിലാക്കൂ‍, എന്‍റെ സാഹിത്യ നിരൂപണങ്ങള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടു.


1 comment: