കപിൽ ദേവ്
കപിൽ ദേവ് രാംലാൽ നിഖൻജ് അഥവാ കപിൽ ദേവ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾറൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്
ലോകകപ്പ് വിജയം
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറിൽ പുറത്തായതോടെ വിൻഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിൻഡീസ് ഇന്നിംഗ്സിൽ വിവിയൻ റിച്ചാർഡ്സ് തകർത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടർന്നു. എന്നാൽ മദൻലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവിൽ 43 റൺസിന് വിൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപിൽ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയിൽ വഴിത്തിരിവായതെന്ന് പിന്നീട് വിവിയൻ റിച്ചാർഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപിൽ പുറത്താകാതെ നേടിയ 175 റൺസ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്ക്കോറായിരുന്നു.
No comments:
Post a Comment