new

Friday, September 21, 2012

ആപ്പിള്‍ കഴിക്കാത്ത അമ്മ..!!

ആപ്പിള്‍ കഴിക്കാത്ത അമ്മ

അച്ഛന്‍ കൊണ്ടു വന്ന പൊതി തുറന്നപ്പോള്‍ അതില്‍ മൂന്നു ആപ്പിളേ ഉള്ളൂ. വീട്ടില്‍ ആണെങ്കില്‍ അനിയത്തി ഉള്‍പ്പെടെ ഞങ്ങള്‍ നാലുപേര്‍ . അപ്പോള്‍ അമ്മ പറഞ്ഞു. 'എനിക്ക് ആപ്പിള്‍ ഇഷ്ടമല്ല.'

അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക് മെസേജ് ആണ് ഇത്. അമ്മമാരുടെ സ്‌നേഹവും ത്യാഗവും കാണിക്കാനാണ് ആരോ ഈ കഥയുണ്ടാക്കി പോസ്റ്റ് ചെയ്തത്. ഉടനടി നൂറുകണക്കിന് 'ഷെയറു'കളും ആയിരക്കണക്കിന് 'ലൈക്കു'കളും.
അമ്മ എന്നത് ഭൂരിഭാഗം പേര്‍ക്കും ഒരു മധുരവികാരമാണ്. മക്കള്‍ക്ക് വേണ്ടി അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. 'കോട്ടയുടെ കല്‍പ്പണിയുറയ്ക്കാന്‍ അതിനുള്ളിലേക്ക് വെച്ച് കെട്ടിപ്പടുക്കുമ്പോഴും, സ്വന്തം കുട്ടിയെ മുലയൂട്ടാനായി പാതിനെഞ്ചം കെട്ടിമറക്കരുതെന്നു' പറയുന്ന ഒ.എന്‍.വി.യുടെ സങ്കല്‍പത്തിലെ അമ്മ മുതല്‍ സുനാമി തിരമാലകള്‍ വീട്ടിലെത്തിയപ്പോള്‍ സ്വയം വെള്ളത്തില്‍ മുങ്ങിയിട്ടും കുഞ്ഞിനെ മുകളില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മമാര്‍ വരെ അമ്മമാരുടെ എത്രയോ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

എന്നിട്ടും ആപ്പിള്‍ ഇഷ്ടപ്പെടാത്ത അമ്മക്ക് ഒരു 'ഡിസ്‌ലൈക്ക്' കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷെ സുക്കര്‍ ബര്‍ഗിന്റെ യഥാര്‍ത്ഥ ജീനിയസ് 'ഡിസ്‌ലൈക്ക്' ബട്ടണ്‍ കണ്ടു പിടിക്കാത്തതാണല്ലോ. അല്ലെങ്കില്‍ ലൈക്കിലും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാകുമായിരുന്നു. ഫ്രണ്ട്‌സില്‍ കൂടുതല്‍ അണ്‍ഫ്രണ്ട്‌സും.

എന്റെ വീട്ടില്‍ അച്ഛനും അമ്മയും ഞങ്ങള്‍ എട്ടുമക്കളും കൂടാതെ അമ്മാവനും ഉണ്ടായിരുന്നു. അപ്പോള്‍ എണ്ണം പതിനൊന്നായി. ഫേസ്ബുക്കിലെ കണക്കനുസരിച്ച് അച്ഛന്‍ പത്ത് ആപ്പിളായിട്ടുവന്നാലും അമ്മ 'എനിക്ക് ഇഷ്ടമല്ല' എന്നു പറയേണ്ടിവന്നേനെ. പക്ഷെ ഭാഗ്യത്തിന് എന്റെ ചെറുപ്പകാലത്ത് ആപ്പിള്‍കൊട്ടയും ചുമന്ന് അച്ഛന്‍ ചുണ്ടമല കയറി വരാറില്ല. ആപ്പിള്‍ എന്നത് അന്ന് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് കൊണ്ടുക്കൊടുക്കുന്ന ഒരു പഴമായിരുന്നു. റസ്‌കിനെ പനിയുമായി അസോസിയേറ്റ് ചെയ്യുന്ന പോലെ ആപ്പിളിനെ ആശുപത്രിയായിട്ടാണ് ഞാന്‍ അന്നും ഇന്നും അസോസിയേററ്റ് ചെയ്യുന്നത്. തുറന്നു കിടക്കുന്ന ആപ്പിള്‍തോട്ടത്തില്‍ ഒരു ഫ്രാങ്കിന് ആവശ്യമുള്ള ആപ്പിള്‍ പറക്കാനുള്ള സൗകര്യമുണ്ടായിട്ടും ഇപ്പോഴും ഞാന്‍ ഒരു ആപ്പിള്‍ഫാന്‍ അല്ല.

പക്ഷെ ഇന്നത്തെ ചിന്താവിഷയം ആപ്പിളിനോടുള്ള എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല. മൂന്ന് ആപ്പിളും നാല് ആളുകളും ഉള്ള അണുകുടുംബത്തിലെ അമ്മയുടെ ത്യാഗമാണ്. ആ ത്യാഗത്തിലൂടെ സ്വന്തം കുട്ടികളെ അമ്മ എന്തുപഠിപ്പിക്കുന്നു എന്നതാണ്. ആപ്പിള്‍ തല്‍കാലം നഷ്ടപ്പെടാത്ത അമ്മയെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളുടെ മനോഭാവം ആണ്.

എന്റെ വീട്ടില്‍ ആപ്പിള്‍ ഇല്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഒന്നു വെച്ചുകൊടുക്കാന്‍ പറ്റാത്തതായ പലതും ഉണ്ടായിരുന്നു. ഉദാഹരണത്തിന് കോഴിമുട്ട. വീട്ടില്‍ ഒന്നോ രണ്ടോ കോഴികളാണ് ഉണ്ടാകുന്നത്. അതുതന്നെ തൊഴുത്തിന്റെ മുകളിലോ വൈക്കോല്‍ തുറവിന്റെ അടിയിലോ ഒക്കെ ഒളിച്ചാണ് മുട്ടയിടുന്നത്. ശരാശരി ഒരു ദിവസം ഒരു മുട്ട കിട്ടും. ചിലപ്പോള്‍ അതുമില്ല. കുഞ്ഞുങ്ങളുമായി കോഴി ഇറങ്ങി വരുമ്പോഴാണ് പണി പറ്റിച്ച കാര്യം ഞങ്ങള്‍ അറിയുന്നതുതന്നെ.

വീട്ടില്‍ ഒരു മുട്ട കിട്ടുന്ന ദിവസം അമ്മയത് അത്താഴത്തിന് അരി വെയ്ക്കുന്നതിനിടയ്ക്ക് ചോറിലിട്ട് പുഴുങ്ങും. വൈകീട്ട് 6 മണിക്ക് ഞങ്ങള്‍ പാടത്തു കളിയും ഒക്കെ കഴിഞ്ഞു വരുമ്പോള്‍ പുഴുങ്ങിയ ഒരു മുട്ടയെടുത്ത് ചേച്ചിയുടെ അടുത്ത് കൊടുക്കും. ഞങ്ങള്‍ എല്ലാം ചുറ്റും കൂടും. മുട്ടയുടെ ചൂടാറ്റി തൊണ്ടു പൊളിക്കാനൊക്കെ പത്തോ പതിനഞ്ചോ മിനിട്ട് എടുക്കും. അത്രയും സമയും പൂച്ച മീനും നോക്കിയിരിക്കുന്നപോലെ ഞങ്ങള്‍ ഹാജര്‍ .

മുട്ടയുടെ തൊണ്ട് പൊളിച്ചു കഴിഞ്ഞ് അമ്മയുടെ മുണ്ടില്‍ നിന്നും ഒരു നൂലു വലിച്ചെടുത്ത് അതുകൊണ്ട് ചേച്ചി മുട്ട പത്തോ പതിനൊന്നോ ആക്കി മുറിക്കും (അമ്മാവനും അച്ഛനും വീട്ടിലുണ്ടോ എന്നത് അനുസരിച്ച്) അതില്‍ ഒരു കഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, അമ്മക്ക് ഉള്‍പ്പെടെ. അതു ഞങ്ങള്‍ ആദ്യമേ അകത്താക്കും.

ബാക്കി ഉള്ള ഒരു കഷണം അമ്മാവന് ഉള്ളതാണ്. ഒരു മുട്ടയുടെ പതിനൊന്നില്‍ ഒന്നാണ് അതെന്നോര്‍ക്കണം. അത് അമ്മാവന് കൊണ്ടുക്കൊടുക്കുന്നജോലി എനിക്കോ അനിയനോ ഉള്ളതാണ്. കാരണം അമ്മാവന്‍ മുട്ട കഴിക്കില്ല. അതുകൊണ്ട് മുട്ട കൊണ്ടുച്ചെല്ലുന്ന ആളോട് അതെടുത്തോളാന്‍ പറയും. ഇതു ഞങ്ങള്‍ക്കെല്ലാം അറിയാം. അതു ഒരു ബോണസ് ആണ്. അമ്മാവനുള്ള ഒരു ചെറിയ കഷണം മുട്ടയുമായി ഒരു അഞ്ഞൂറു പ്രാവശ്യമെങ്കിലും ഞാന്‍ അടുക്കളയുടെ സൈഡിലുള്ള ഇറയത്തുനിന്ന് അമ്മാവന്‍ ഇരിക്കുന്ന തളത്തിലേക്ക് ഓടിയിട്ടുണ്ട്. ഞാനുണ്ടാകുന്നതിനുമുന്‍പ് എന്റെ ചേട്ടന്‍മാരോ ചേച്ചിമാരോ ഓടിയിട്ടുണ്ടാകണം.

രണ്ടു ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന് ഒരാപ്പിള്‍ മൊത്തമായി എനിക്കിഷ്ടമല്ല എന്നു പറയുന്ന അമ്മയുടെ ത്യാഗമനോഭാവമാണോ ഒരു കോഴിമുട്ടയുടെ പത്തിലൊന്നുകഴിക്കുന്ന അമ്മയുടെ പെരുമാറ്റമാണോ കുട്ടികളെ നമ്മള്‍ പഠിപ്പിക്കേണ്ടത്? രണ്ടാമതായി ഒരാഴ്ച തുടര്‍ച്ചയായി അമ്മാവന്‍ മുട്ടയുടെ ചെറിയ കഷണം വേണ്ട എന്നു പറഞ്ഞിട്ടും ഒരു മനുഷ്യായുസ്സ് മുഴുവന്‍ അമ്മ എന്തിന് അമ്മാവനുള്ള ഭാഗം മുറിച്ചുകൊടുത്തുവിട്ടു?

എന്റെ അമ്മയുടെ തലമുറയിലുള്ള അമ്മമാര്‍ കുട്ടികളെ അധികം പറഞ്ഞു പഠിപ്പിക്കാറോ ഉപദേശിക്കാറോ ഇല്ല. പക്ഷെ അവരുടെ പ്രവൃത്തികളിലൂടെയാണ് കുട്ടികള്‍ പാഠങ്ങള്‍ പഠിക്കുന്നത്. ഒരു വീട്ടില്‍ എന്തുണ്ടായാലും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മറ്റുള്ളവരുടെ പെരുമാറ്റം ഒരിക്കലും ഗ്രാന്റഡ് ആയി എടുക്കരുതെന്നും ഒക്കെയാണ് ഈ പത്തിലൊന്നു മുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം.
മുട്ട മാത്രമല്ല ഇപ്പോള്‍ നമ്മള്‍ ഗ്രാന്റഡ് ആയി എടുക്കുന്ന പലതും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇക്കാലത്ത് വീടുപണിയുമ്പോള്‍ എല്ലാവര്‍ക്കും ഒരു മുറി. പിന്നെ ഗസ്റ്റ് റൂം ഇതെല്ലാം സാധാരണമാണല്ലോ. എന്റെ ചെറുപ്പത്തില്‍ സ്വന്തമായിട്ട് ഒരുമുറി പോയിട്ട്, ഒരു പായയോ പുതക്കാനുള്ള പുതപ്പ് പോലുമോ സ്വന്തമായിട്ടില്ല. എല്ലാം പങ്കുവെയ്ക്കപ്പെടേണ്ടതാണ്. ഒന്നും അവകാശവുമല്ല.

പത്തു പേരും മൂന്നു കിടപ്പുമുറികളും ഉള്ള വീട്ടില്‍ അവധിക്കാലത്ത് അടുത്ത പത്തുപേര്‍ അതിഥികളായി ഉണ്ടായിരുന്നു എന്നതും ഇന്നെന്നെ അതിശയിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ഗസ്റ്റ് റൂമും ഹിസ് ഹെര്‍ തോര്‍ത്തുകളും വരുന്നവര്‍ക്ക് പല്ലുതേക്കാന്‍ പുതിയ ഗസ്റ്റ് ബ്രഷും പേസ്റ്റും ഉള്‍പ്പെടെയുണ്ടാക്കി പൊങ്ങച്ചത്തിന്റെ വാതിലും തുറന്നിട്ടിരിക്കുന്ന എന്റെ തലമുറക്കാരുടെ വീടുകളില്‍ ക്ഷാമമുള്ളത് അതിഥികള്‍ക്കു മാത്രമാണ്. മേല്‍ക്കൂരയുടെ താഴെയുള്ള സ്ഥലം കൊണ്ടല്ല. എവിടെയും എനിക്കൊരു വീടുണ്ട് എന്ന് അതിഥികള്‍ക്ക് തോന്നിപ്പിക്കുന്ന പെരുമാറ്റം കൊണ്ടാണ് നാം അതിഥികളെ ആകര്‍ഷിക്കുന്നതെന്ന് എനിക്ക് അമ്മ പറഞ്ഞു തന്നിട്ടില്ലെങ്കിലും അറിയാം. വലുതാവേണ്ടത് വീടല്ല മനസ്സാണ് (കൂട്ടത്തില്‍ പറയട്ടെ ഒരു വീട് പണിതപ്പോഴും ഫ്ലാറ്റു വാങ്ങിയപ്പോഴും എനിക്ക് ഒറ്റനിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ ഗസ്റ്റ്‌റൂം ഉണ്ടാകരുത്.)

മക്കളും മരുമക്കളും പേരക്കുട്ടികളും ആയി ഞങ്ങളുടെ അണുകുടുംബം പല ഡസന്‍ ആയി. അതിഥികള്‍ ഇല്ലെങ്കിലും ബെഡ്‌റൂമുകള്‍ അനവധിയായി. എന്നിട്ടും മുട്ടപോയിട്ട് ബിരിയാണി കഴിക്കാന്‍ പോലും പത്തുപേരെ ഒരുമിച്ച് കിട്ടണമെങ്കില്‍ ഓണമോ വിഷുവോ വരണമെന്നായി. ഒരു മുട്ടയുടെ പത്തിലൊന്നവകാശികള്‍ ആയിരുന്നവര്‍ എല്ലാം ഒഴിഞ്ഞ ഗസ്റ്റ് റൂമുകളും ആയി പലയിടത്തും താമസമായി. 'ആള്‍ ഫോര്‍ വണ്‍ . വണ്‍ ഫോര്‍ ആള്‍ ' എന്ന മുദ്രാവാക്യം ഞങ്ങളും മറന്നു തുടങ്ങി.

പത്തിലൊന്നു മുട്ടകഴിച്ച എന്റെ അനുഭവം എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ വളരെ ഉപകാരപ്പെട്ട കഥകൂടി പറഞ്ഞത് ലേഖനം അവസാനിപ്പിക്കാം. ആഫ്രിക്കയിലെ ഒരു കടലോരഗ്രാമത്തില്‍ ന്നേഷ്യ ഇക്കണോമിക്ക് സര്‍വ്വേ നടത്തുകയാണ് ഞങ്ങളുടെ ടീം. അമേരിക്കയില്‍ നിന്നും യു.കെ.യില്‍ നിന്നും ഉള്ള സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ ആണ് സര്‍വേ ടീമിനെ നയിക്കുന്നത്. ആളുകളുടെ വരവ്, ജീവിതരീതികള്‍, ഭക്ഷണക്രമം, ആരോഗ്യം ഇവയെല്ലാം ആണ് സര്‍വേ ചെയ്യപ്പെടുന്നത്. സര്‍വേയിലെ ഒരു ചോദ്യം ഇതായിരുന്നു.

'നിങ്ങള്‍ ആഴ്ചയില്‍ എത്രദിവസം മത്സ്യം കഴിക്കും?'

ഉത്തരങ്ങളുടെ ഓപ്ഷന്‍ അപൂര്‍വമായി തൊട്ട് മിക്കവാറും എല്ലാ ദിവസവും എന്നുവരെയാണ്. ഉത്തരങ്ങള്‍ കൂടുതലും മിക്കവാറും എല്ലാ ദിവസവും എന്നാണ്. കടലോരത്ത് താമസമായതിനാല്‍ ആ ഉത്തരം അവിശ്വസിക്കേണ്ട കാര്യവും ഇല്ല. എന്നാല്‍ കുട്ടികളുടെ ന്യൂട്രീഷനും വളര്‍ച്ചയും വെച്ചു നോക്കുമ്പോള്‍ അവര്‍ എന്നും മീന്‍ കഴിക്കുന്നവരാണെന്ന് തോന്നുന്നും ഇല്ല. സര്‍വേയില്‍ എവിടെയോ പിഴ പറ്റിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. എങ്ങനെ പരിഹരിക്കാം എന്നായി ചര്‍ച്ച.

ദിവസവും മുട്ടകഴിച്ചു വളര്‍ന്ന എനിക്ക് സര്‍വേയില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. ഞാന്‍ എന്റെ മുട്ടക്കഥ അവരോടു പറഞ്ഞു. ഫീല്‍ഡില്‍ ചോദ്യാവലി പൂരിപ്പിച്ചവരോട് ഇക്കാര്യം വെരിഫൈ ചെയ്യാനും തീരുമാനിച്ചു.

സംഭവം ഇതുതന്നെ. മല്‍സ്യബന്ധനം ആണെങ്കിലും തീരെ പാവപ്പെട്ടവരാണ് എല്ലാവരും. കപ്പയോ ചേമ്പോ ആണ് പ്രധാന ഭക്ഷണം. അതിനു കൂട്ടായി ദിവസവും ഒരു സൂപ്പ് ഉണ്ടാകും. അതില്‍ ഒരു മീനോ ചിലപ്പോള്‍ ചന്തയില്‍ മീന്‍ വൃത്തിയാക്കുമ്പോള്‍ ബാക്കിവരുന്ന അവശിഷ്ടങ്ങളോ ഇടും. അതിന് ഫിഷ് പെപ്പ സൂപ്പ് എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ എല്ലാ ദിവസവും മീന്‍ കഴിക്കുന്നു എന്നതും ശരി. അതുകൊണ്ട് വലിയ ന്യൂട്രീഷന്‍ കിട്ടുന്നില്ല എന്നതും ശരി.

നാട്ടിലിപ്പോള്‍ നാടന്‍ ആപ്പിള്‍ കാണാനേ ഇല്ല എന്നാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വാഷിങ്ടണ്‍ ആപ്പിളാണത്രെ എല്ലാം. മൂന്നു തടിയന്‍ വാഷിങ്ടണ്‍ ആപ്പിള്‍ ഉണ്ടായിട്ടും അമ്മക്ക് ഒരു കഷണം പോലും കൊടുക്കാതെ കഴിക്കുന്ന അച്ഛനോടും കുട്ടികളോടും എനിക്ക് 'ലൈക്ക്' ഇല്ല. ഉള്ളതെന്തും പങ്കുവെച്ചു കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കാത്ത അമ്മയോടും..!
 

No comments:

Post a Comment