new

Friday, November 19, 2010

A Remembrance- Jayan

പ്രിയപ്പെട്ട ജയന് ആദരാഞ്ജലികള്‍



മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷങ്ങള്‍. 1980 നവംബര്‍ 16ന് വൈകുന്നേരം കോളിളക്കം എന്ന ചിത്രത്തിന് വേണ്ടി സാഹസികമായ ഒരു രംഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഈ മഹാനടന്‍ അഭിനയത്തോടും ജീവിതത്തോടും വിടപറഞ്ഞത്.വെറും ആറു വര്‍ഷങ്ങള്‍ കൊണ്ടു ഇത്രയേറെ ആരാധകരെ നേടിയെടുത്ത ഒരു നടന്‍ വേറെയുണ്ടാവില്ല - ലോക സിനിമയില്‍ പോലും - ബ്രൂസ്‌ലി മാത്രമായിരിക്കും ഒരപവാദം. മലയാള സിനിമയില്‍ സത്യന്‍ കഴിഞ്ഞാല്‍ കരുത്തുറ്റ ശരീരമുള്ള നായക നടന്‍ ജയന്‍ മാത്രമായിരുന്നു. മുഖത്തിന്‍റെയും ശബ്ദത്തിന്‍റെയും മാത്രമല്ല ശരീര സൗന്ദര്യത്തിന്‍റെയും പൗരുഷം ജയന്‍ സിനിമയിലേക്ക് ആവാഹിച്ചു. മലയാള സിനിമാരംഗത്ത് അനുകര്‍ത്താക്കളെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക നടന്‍ ജയന്‍ ആയിരുന്നു. ജയന്‍റെ നില്‍പ്പും നടപ്പും വാക്കും നോക്കും വസ്ത്രധാരണവുമെല്ലാം ഇപ്പോഴും എത്രയോ പേര്‍ സ്വന്തമാക്കി കൊണ്ടു നടക്കുന്നു.
കേമനായ നടനായിരുന്നു ജയന്‍ എന്നാരും പറയില്ല. എന്നാലും ചുരുക്കം ചില സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയന്‍റെ സിദ്ധികളെ അനാവരണം ചെയ്യാതിരുന്നില്ല. ജയന്‍റെ ചിരിക്ക് ഒരാകര്‍ഷകത്വം ഉണ്ടായിരുന്നു. ആ മുഖത്തിന് ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. വേദനയുടെ പരാഗങ്ങള്‍ പറ്റിക്കിടക്കുന്നോ എന്ന് സംശയമുളവാക്കുന്നതായിരുന്നു ആ ചിരി. സംഭാഷണ ശൈലിയിലെ സവിശേഷതയാണ് ജയനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന പ്രധാന ഘടകം. പില്‍ക്കാലത്ത് മിമിക്രിക്കാരെ തുണച്ചതും പതിഞ്ഞുറച്ച ഈ സംഭാഷണ രീതിയായിരുന്നു.
കോളിളക്കം എന്ന വിജയാനന്ദ് ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ നിലത്തിടിച്ച് തലയ്ക്ക് പരിക്കേറ്റാണ് ജയന്‍റെ മരണം ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ജയന്‍ മരണത്തിലേക്കുള്ള പാത തെരഞ്ഞെടുക്കുകയായിരുന്നോ? ഹെലികോപ്ടറിലെ രംഗം ചിത്രീകരിച്ച് തൃപ്തി വരാത്തതു കൊണ്ട് വീണ്ടുമൊരിക്കല്‍കൂടി നിര്‍ബന്ധിച്ച് ഷൂട്ട് ചെയ്യിക്കുകയായിരുന്നു അദ്ദേഹം. നാല്‍പ്പത്തിയൊന്നാം വയസ്സിലായിരുന്നു ആ സാഹസിക നടന്‍ നമ്മെ വിട്ടുപിരിഞ്ഞത്.
കോളിളക്കം എന്ന ചിത്രത്തിന്റെ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന നിര്‍മാതാവ് കല്ലിയൂര്‍ ശശിയുടെ ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു:


ജയന്‍ മരിച്ചിട്ട് ഇന്ന് 30 വര്‍ഷം തികയുകയാണ്. കോളിളക്കം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു ഞാന്‍ . 1980 നവംബര്‍ 16 ന് എന്റെ കണ്‍മുന്നില്‍ വച്ച നടന്ന ആ ദാരുണമായ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മയായി ഇന്നും അവശേഷിക്കുന്നു.
ഈശ്വരന്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു ആ ദിനം. മുന്‍കൂട്ടിയുളള എല്ലാ തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ അന്നത്തെ പ്രഭാതം വിടര്‍ന്നത് കോരിച്ചൊരിയുന്ന മഴയോടെ. ഷൂട്ടിംഗ് മുടങ്ങിയാലുണ്ടാകുന്ന നിര്‍മ്മാതാവിന്റെ ഭീമമായ നഷ്ടത്തെ പറ്റിയായിരുന്നു എന്റെ ആശങ്ക. നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്താണ് പൊടുന്നനെ മഴമാറി വെയിലുദിച്ചത്. ഒരു പക്ഷേ ഈ വെയിലാണ് ജയന്റെ ജീവനും കൊണ്ട് പോയത്. വെയിലുദിച്ച ഉടന്‍ ഹെലികോപ്ടര്‍ അടക്കമുളള എല്ലാ സന്നാഹങ്ങളോടെ ഞങ്ങള്‍ ചെന്നൈയില്‍ നിന്ന് 42 കി.മി അകലെയുളള ഷോളാവരം ലൊക്കേഷനിലേക്ക് പോയി.മുന്‍പ് ഏതോ യുദ്ധ സമയത്ത് താല്‍ക്കാലികമായി പണിത എയര്‍ സ്ട്രിപ്പ് ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലം.


12.30 മണിയോടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. 2.20 വരെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയുളള ചിത്രീകരണം. സുകുമാരന്റെ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ പിന്‍സീറ്റീല്‍നിന്ന് ബാലന്‍ കെ. നായര്‍ എന്ന വില്ലന്‍ കഥാപാത്രം പറന്നുയരാന്‍ തുടങ്ങുന്ന ഹെലികോപ്ടറിന്റെ ലാന്‍ഡിംഗ് പാടില്‍ പിടിച്ചു ജയന്‍ തൂങ്ങിക്കയറുന്ന രംഗങ്ങള്‍ മുഴുവന്‍ മുന്നു തവണ ഒരേ സമയം മൂന്നു ക്യാമറകള്‍ വച്ച് എടുത്ത് ഷോട്ടുകള്‍ പൂര്‍ത്തിയാക്കി. 2.25 ന് സംവിധായകന്‍ ശ്രീ. പി.എന്‍. സുന്ദരം ലഞ്ച് ബ്രേക്ക് പറഞ്ഞു. എന്നാല്‍ ജയന്റെ നിര്‍ബന്ധപൂര്‍വ്വമായ അഭിപ്രായത്തെ മാനിച്ച് ജയന്റെ തൃപ്തിക്കു വേണ്ടി മാത്രമായി നേരത്തേ എടുത്ത ഷോട്ട് ഒരു പ്രാവശ്യംകൂടി എടുക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി.
ആ ഷോട്ടാണ് കാലന്റെ രൂപത്തില്‍ അവതരിച്ചത് എന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയില്ലായിരുന്നു. 2.40 ന് അത് സംഭവിച്ചു. ഞാന്‍ നോക്കി നില്‍ക്കേ ജയനെയും കൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ വളരെ ഉയരത്തില്‍ നിന്നും അതേ വേഗത്തില്‍ നിലം പതിക്കുകയായിരുന്നു. ആദ്യം ജയന്റെ കാല്‍ മുട്ട് വന്ന് തറയില്‍ ഇടിച്ചു. ജയന്‍ കൈ വിടുകയും തൊട്ടുപുറത്തായി ഹെലികോപ്ടര്‍ ഇടിച്ച് വീഴുകയുമായിരുന്നു. സെക്കന്റുകള്‍ക്കുളളില്‍ ഞാന്‍ മാത്രം അടുത്തെത്തി ജയനെ പൊക്കിയെടുക്കാനുളള ശ്രമം നടത്തി. സഹായത്തിന് ഓടിവന്ന അസിസ്റ്റന്റ് ക്യാമറമാന്‍ രജൂ നാഥന്‍. മറ്റുളളവരെല്ലം വളരെ ദൂരത്തായിരുന്നു. ജയന്റെ തന്നെ ഫിയറ്റ് കാറിലേറ്റി നേരേ ചെന്നൈ ജനറല്‍ ഹോസ്പിറ്റലിലേയ്ക്ക. വീണസമയംതന്നെ അബോധവസ്ഥയിലായ ജയന്റെ തലയില്‍ നിന്നും രക്തം എന്റെ ദേഹത്തേയ്ക്ക് വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഒരുപാട് പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് ഒടുവില്‍ 6 മണിക്ക് അന്ത്യം സ്ഥിരീകരിച്ചു.


അവസാന ശ്വാസംവും എന്റെ മാത്രം മുന്നില്‍ . ഒരുപാട് എഴുതണമെന്നാണ്. എന്നാല്‍ കഴിയുന്നില്ല. നടുക്കുന്ന ആ ഓര്‍മ്മകളുമായി 30-ാമത്തെ വര്‍ഷവും അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍.


No comments:

Post a Comment