new

Monday, December 20, 2010

കപിൽ ദേവ്

കപിൽ ദേവ്

കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ് അഥവാ കപിൽ ദേവ്  ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്

ലോകകപ്പ് വിജയം


ഇംഗ്ലണ്ടിൽ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോൾ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാൽ ആദ്യ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇൻ‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാർ(Kapil's Devils) എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങൾ ഇന്ത്യൻ ടീമിനു നൽകിയ വിശേഷണം. ഈ ലോകകപ്പിൽ സിംബാബ്‌വേയ്ക്കെതിരെ പരാജയം മണത്തപ്പോൾ കപിൽ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. താരതമ്യേന ദുർബലരായ സിംബാബ്‌വേയ്ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയിൽ തകർന്നടിഞ്ഞപ്പോഴാണ് കപിൽ ബാറ്റിങ്ങിനെത്തിയത്. നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂർവ്വം കളിച്ച അദ്ദേഹം ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ചു. 16 ഫോറുകളും ആറു സിക്സറുകളും പറത്തി പുറത്താകാതെ നേടിയ 175 റൺസ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ബാറ്റിംഗ് പൂർത്തിയാക്കിയപ്പോൾ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. കപിൽ കഴിഞ്ഞാൽ വിക്കറ്റ് കീപ്പർ കിർമാണി നേടിയ 24 റൺ‌സായിരുന്നു ഇന്ത്യൻ നിരയിലെ ഉയർന്ന സ്ക്കോർ. ഈയൊരറ്റക്കാര്യത്തിൽ നിന്നും കപിൽ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാൻ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകർ ഇന്ത്യയെ ഉയർത്തി.
                                        Kapil Dev
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ നിലവിലെ ജേതാക്കളാ‍യ വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്കോറിൽ പുറത്തായതോടെ വിൻഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിൻഡീസ് ഇന്നിംഗ്സിൽ വിവിയൻ റിച്ചാർഡ്സ് തകർത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടർന്നു. എന്നാൽ മദൻ‌ലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവിൽ 43 റൺസിന് വിൻ‌ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപിൽ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയിൽ വഴിത്തിരിവായതെന്ന് പിന്നീട് വിവിയൻ റിച്ചാർഡ്സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്‌വേക്കെതിരേ കപിൽ പുറത്താകാതെ നേടിയ 175 റൺസ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്ക്കോറായിരുന്നു.



No comments:

Post a Comment